കാസര്‍ഗോഡ്: കായിക പരിശീലനത്തിന് ഉള്ള സ്കൂള്‍ ഗ്രൗണ്ടില്‍ മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്നുവെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനോട് ഉദിനൂര്‍ ജിഎച്ച്എസ്എസിലെ കുട്ടികള്‍. നമസ്തേ കളക്ടര്‍ പരിപാടിയില്‍ ജില്ലാ കളക്ടറോട് സംവദിക്കവേയാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്.
മൈതാനത്തില്‍ ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്തി നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് കേരളയെ ചുമതലപ്പെടുത്താമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
ചൈന കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ സ്കൂള്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ഉദിനൂര്‍ ജിഎച്ച്എസ്എസില്‍ സൈക്കിള്‍ വയ്ക്കാന്‍ ഷെഡ് നിര്‍മിച്ചു നല്‍കാമോ എന്നും കുട്ടികള്‍ കളക്ടറോട് ചോദിച്ചു. ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്ക്കുന്ന പഞ്ചായത്തിന്റെ സ്ഥലം അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി സൈക്കിള്‍ ഷെഡ് നിര്‍മിച്ചു നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു.
പണിതീരാത്ത സ്കൂള്‍ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിയും അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.